Skip Ribbon Commands
Skip to main content

മൈക്രോസോഫ്റ്റ് പവര്‍‌പോയിന്‍റ് 2007 - ഒരാമുഖം 

 

നിങ്ങള്‍ വിദ്യാര്‍ത്ഥിയോ ബിസിനസ് ചെയ്യുന്നയാളോ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളോ മാധ്യമപ്രവര്‍ത്തകനോ ആയിക്കൊള്ളട്ടെ. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് അവതരണങ്ങള്‍ (പ്രസന്‍റേഷന്‍) സൃഷ്ടിക്കേണ്ടിവരാം. അല്ലെങ്കില്‍ അവതരണങ്ങള്‍ കാണേണ്ടി വന്നേക്കാം. ഇവിടെയാണ് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രസന്‍റേഷന്‍ പ്രോഗ്രാമായ മൈക്രോസോഫ്റ്റ് പവര്‍‌പോയിന്‍റിന്റെ പ്രാധാന്യം.

 

എന്തെങ്കിലും ഒരു കാര്യം ഒരു സദസിന് മുമ്പില്‍ അവതരിപ്പിക്കണമെങ്കില്‍ പണ്ടൊക്കെ വളരെയധികം പ്രയത്നം വേണ്ടിയിരുന്നു. ബ്ലാക്ക്‌ബോര്‍ഡും ചോക്കും ഡസ്റ്ററും ചിത്രങ്ങളും വസ്തുക്കളും ഒക്കെ ഇതിനായി ഉപയോഗപ്പെടുത്തണം. സിനിമാ പ്രൊജക്റ്റര്‍ നിലവില്‍ വന്നതോടെ അവതരണരീതി വീണ്ടും മാറി.

 

ഈയടുത്ത കാലം വരെ, സ്‌ളൈഡ് പ്രൊജക്റ്റര്‍ ഉപയോഗിച്ച് സ്‌ളൈഡുകളായാണ് സദസിന് മുമ്പില്‍ അവതരണങ്ങള്‍ കാണിച്ചിരുന്നത്. വളരെ സങ്കീര്‍ണമായൊരു പ്രക്രിയയായിരുന്നു സ്‌ളൈഡ് നിര്‍മാണവും പ്രദര്‍ശനവും. മൈക്രോസോഫ്റ്റ് പവര്‍‌പോയിന്‍റ് നിലവില്‍ വന്നതോടെ അവതരണങ്ങള്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നായി.

 

പവര്‍‌പോയിന്‍റിലും സ്‌ളൈഡ്എന്ന ആശയം ഉപയോഗിക്കപ്പെടുന്നു. ഒന്നിന് പിറകെ ഒന്ന് എന്ന രീതിയില്‍ പേജുകള്‍ സൃഷ്ടിക്കുകയും സ്‌ളൈഡ്‌ഷോ സംവിധാനം വഴി (പവര്‍‌പോയിന്‍റ് സ്‌ളൈഡ്ഷോയിലേക്ക് മാറ്റുമ്പോള്‍ മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞുനില്‍ക്കും) പ്രദര്‍ശിപ്പിക്കുകയുമാണ് ഇതില്‍ ചെയ്യുന്നത്. സ്‌ളൈഡുകളില്‍/പേജുകളില്‍ ടെക്സ്റ്റും ഗ്രാഫിക്കുകളും വീഡിയോയും മറ്റ് ഓബ്‌ജക്‌റ്റുകളും ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാന്‍ സൌകര്യമുണ്ട്.

 

മൂന്ന് രീതിയിലുള്ള ചലനങ്ങളെ പവര്‍‌പോയിന്‍റ് പിന്തുണയ്ക്കുന്നു. പവര്‍‌പോയിന്‍റിലെ കസ്റ്റം ആനിമേഷന്‍സ് വഴി ഒരു സ്‌ളൈഡിന്റെ തുടക്കവും ഊന്നലും അവസാനവും ചലിപ്പിക്കപ്പെടുന്നു. ഒരു സ്‌ളൈഡ് മറഞ്ഞുകൊണ്ട് മറ്റൊന്ന് തെളിയുന്നതാണ് മറ്റൊരു ചലനം. പല വ്യത്യസ്ത രീതികളിലും ഇത് ഉപയോഗപ്പെടുത്താം. ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും സ്‌ക്രീനില്‍ നീങ്ങുകയും ചെയ്യുന്നതാണ് മറ്റൊരു രീതിയിലുള്ള ചലനം.

 

നിങ്ങളുടെ അവതരണത്തിന് യോജിച്ച ലേ‌ഔട്ടും തീമുകളും പവര്‍‌പോയിന്‍റില്‍ തന്നെ നല്‍‌കിയിട്ടുണ്ട്. അവ പോരെങ്കില്‍ നിങ്ങള്‍ക്ക് സ്വയമായി പുതിയൊരു തീമോ ലേ‌ഔട്ടോ സൃഷ്ടിക്കാവുന്നതുമാണ്. നിങ്ങള്‍ക്ക് സൃഷ്ടിക്കേണ്ട അവതരണത്തിനുള്ള ഗ്രാഫിക്കുകളും ചിത്രങ്ങളും വരെ പവര്‍‌പോയിന്‍റില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സ്വന്തം ചിത്രങ്ങള്‍ ചേര്‍ക്കണമെങ്കില്‍ അങ്ങിനെയുമാകാം. ഇതുമല്ലാതെ അവതരണത്തിലേക്ക് 3ഡി പ്രതീതികള്‍, ഷേഡിംഗ്, ഗ്ലോ തുടങ്ങിയ എഫക്റ്റുകളും നിങ്ങള്‍ക്ക് പവര്‍പോയിന്‍റില്‍ നിന്ന് ലഭിക്കുന്നു.

 

വിദഗ്‌ധാവതരണങ്ങളില്‍ അത്യന്താപേക്ഷിതമായ പട്ടികകളും ചാര്‍ട്ടുകളും മറ്റും സൃഷ്ടിക്കാന്‍ പവര്‍‌പോയിന്‍റില്‍ സം‌വിധാനമുണ്ട്. പവര്‍‌പോയിന്‍റില്‍ നിങ്ങള്‍ ചേര്‍ക്കുന്ന ടെക്സ്റ്റ് പ്രൂഫ് ചെയ്യാനും ഇതില്‍ സൌകര്യമുണ്ട്. നിങ്ങള്‍ സൃഷ്ടിക്കുന്ന അവതരണങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള വ്യത്യസ്ത മാര്‍ഗങ്ങളും പവര്‍പോയിന്‍റ് തരുന്നു.

 

ഇവ കൂടാതെ, വലിയ പവര്‍പോയിന്‍റ് ഫയലുകള്‍ ചെറുതാക്കുക, അവതരണങ്ങള്‍ പി‌ഡി‌എഫ് ഫയലായി സംരക്ഷിക്കുക, അവതരണത്തിന് രഹസ്യവാക്ക് നല്‍‌കി പരിരക്ഷിക്കുക, മറ്റുള്ളവര്‍ നിങ്ങളുടെ അന്തിമ ഫയലില്‍ മാറ്റങ്ങള്‍ വരുത്തുന്നത് തടയുക, അവതരണത്തില്‍ നിങ്ങളുടെ ഡിജിറ്റല്‍ ഒപ്പ് ചേര്‍ക്കുക തുടങ്ങി മറ്റനേകം സംവിധാനങ്ങളും പവര്‍‌പോയിന്‍റ് 2007-ല്‍ ഉണ്ട്.

 

മൈക്രോസോഫ്റ്റ് പവര്‍‌പോയിന്‍റ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ നിത്യജീവിതത്തിലെ ഒരു ഭാഗമാണെന്ന് പറയാതെ വയ്യ. പവര്‍‌പോയിന്‍റിന്റെ നിങ്ങള്‍ ഉപയോഗിക്കുന്ന പതിപ്പിനനുസരിച്ച് നിങ്ങള്‍ സൃഷ്ടിക്കുന്ന ഫയലുകള്‍ക്ക് .ppt, .pptx, .pps, .ppsx എന്നിങ്ങനെയുള്ള ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ ലഭിക്കും. പവര്‍‌പോയിന്‍റിന് അനേകം പതിപ്പുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അധികം പേരും ഉപയോഗിക്കുന്നത് 2007-പതിപ്പാണ് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് 2010 ബീറ്റാ പതിപ്പിനോടൊപ്പം പവര്‍‌പോയിന്‍റിന്റെ ഏറ്റവും പുതിയ പതിപ്പായ 2010-ഉം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

 

പവര്‍‌പോയിന്‍റ് ഇല്ലെങ്കിലും നിങ്ങളുടെ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിങ്ങള്‍ക്ക് അവതരണങ്ങള്‍ കാണാം. ഇതിനായി മൈക്രോസോഫ്റ്റ് ഓഫീസ് പവര്‍പോയിന്‍റ് വ്യൂവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. പവര്‍പോയിന്‍റ് 97 പതിപ്പിന് ശേഷമുള്ള പതിപ്പുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള അവതരണങ്ങള്‍ പവര്‍പോയിന്‍റ് വ്യൂവര്‍ ഉപയോഗിച്ച് കാണാം.

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.