Skip Ribbon Commands
Skip to main content

 

കീ ലോഗറിനെതിരെ വിന്‍ഡോസ് ഓണ്‍-സ്ക്രീന്‍ കീബോര്‍ഡ്

 

സമീപ കാലഘട്ടത്തിലെ ഏറ്റവും വലിയ തട്ടിപ്പുകള്‍ നടക്കുന്നത് സൈബര്‍ ലോകത്തിലാണ്. പല തരം തട്ടിപ്പുകളും നിലവിലുണ്ട്. ബാങ്കില്‍ നിന്നെന്ന വണ്ണം നെറ്റ് ഉപയോക്താക്കള്‍ക്ക് മെയില്‍ അയച്ച് നമ്മുടെ യൂസര്‍നെയിമും പാസ്‌വേഡും കരസ്ഥമാക്കുന്ന തട്ടിപ്പ് വിദ്വാന്മാര്‍, ‘എന്റെ കയ്യില്‍ കുറേ പണമുണ്ട്. അത് ഇന്ത്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിച്ചാല്‍ നമ്മൊരു തുക കമ്മീഷനായി തരാംഎന്ന് പ്രലോഭിപ്പിച്ച് പണം പിടുങ്ങുന്ന വിരുതന്മാര്‍, അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രലോഭിപ്പിച്ച് ക്ലിക്കുചെയ്യിപ്പിച്ച് വൈറസ് സോഫ്റ്റ്വെയര്‍ ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്ന ഹാക്കര്‍മാര്‍.. ഈ നിരയിങ്ങനെ നീണ്ടുപോകും!

 

ഇവയേക്കാള്‍ ഒക്കെ അപകടകാരികളാണ് കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഉപയോഗപ്പെടുത്തുന്ന വിദഗ്ധര്‍. നമ്മള്‍ കീബോഡില്‍ നല്‍കുന്ന ഓരോ കീസ്ട്രോക്കും ഇവ രേഖപ്പെടുത്തുകയും അവ ഒരു ലോഗ് ഫയലായി കമ്പൂട്ടറില്‍ സംരക്ഷിക്കുകയും ചെയ്യുന്നു.ആ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ആള്‍ക്ക് അവ നിഷ്പ്രയാസം വായിച്ചെടുക്കാനും കഴിയുന്നു. ഇത്തരം പ്രോഗ്രാമുകളെയാണ് കീലോഗര്‍ (Keylogger) പ്രോഗ്രാമുകള്‍ എന്നു വിളിക്കുന്നത്.

 

സൈബര്‍ കഫേ പോലുള്ള പൊതുസ്ഥലത്തുള്ള കമ്പൂട്ടറുകളെ ആശ്രയിക്കുന്നവരെയാണ് കീ ലോഗര്‍ പ്രോഗ്രാമുകള്‍ ലക്‌ഷ്യം വയ്ക്കുന്നത്. പൊതുസ്ഥലത്തുള്ള കമ്പൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് വെബ് പേജില്‍ നാം നല്‍കുന്ന പാസ്‌വേഡുകള്‍ അവര്‍ക്ക് നിഷ്പ്രയാസം കണ്ടുപിടിക്കാം. ബാങ്കിംഗ് പാസ്‌വേഡോ ഇ-മെയില്‍ പാസ്‌വേഡോ അല്ലങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ഏതെങ്കിലും വിലപ്പെട്ട വിവരമോ ഹാക്കര്‍മാരുടെ കയ്യിലെത്തിയാലുള്ള അവസ്ഥ ചിന്തിക്കാന്‍ പറ്റുന്നേയില്ല അല്ലേ!

 

ഇന്റര്‍നെറ്റ് കഫേകളില്‍  ഉപയോക്താവിനായി നല്‍കുന്ന കമ്പ്യൂട്ടറുകളില്‍ കീ ലോഗര്‍ പ്രോഗ്രാമുകള്‍ മാത്രമല്ല ചിലപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുക. ചില വിരുതന്മാര്‍ ഹാര്‍ഡ്‌വെയര്‍ തന്നെ സ്ഥാപിച്ചുകളയും. പെട്ടന്നൊന്നും അവ ഉപയോക്താവിന്റെ കണ്ണില്‍ പെടില്ല എന്നതാണ് പ്രശ്നം. സിസ്റ്റം മെമ്മറിയില്‍ പോലും ഹിഡനായി നില്‍ക്കാനുള്ള കഴിയുന്ന സോഫ്റ്റ്വെയറുകള്‍ നിലവിലുണ്ട്. കൂടാതെ ചില ക്രിമിനലുകള്‍ നെറ്റിലൂടെ സൌജന്യമായും ഇത്തരം സോഫ്റ്റ്വെയര്‍ വിതരണം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ നമ്മുടെ സ്വന്തമല്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നാം നല്‍കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഒട്ടും സുരക്ഷിതമല്ല എന്ന് ചുരുക്കം!

 

ഇതിന് പ്രതിവിധിയില്ലേ? തീര്‍ച്ചയായും ഉണ്ട്. ആദ്യമൊക്കെ ഉപയോഗിച്ചിരുന്ന പ്രതിവിധി ഒരു എക്സ്റ്റേണല്‍ മാധ്യമം (ഫ്ലാഷ് ഡ്രൈവ്, മൊബൈല്‍ മെമ്മറി കാര്‍ഡ് തുടങ്ങിയവ) കയ്യില്‍ കരുതുക എന്നതാണ്. എക്സ്റ്റേണല്‍ മാധ്യമത്തില്‍ യൂസര്‍നെയിമും പാസ്‌വേഡും മറ്റ് വിലപ്പെട്ട വിവരങ്ങളും സംരക്ഷിച്ചുവച്ചാല്‍ ആവശ്യം വരുമ്പോള്‍ ഈ വിവരങ്ങള്‍ പകര്‍ത്തി ആവശ്യമുള്ള ഇടത്തില്‍ ഒട്ടിക്കാവുന്നതാണ്. എക്സ്റ്റേണല്‍ മാധ്യമത്തിലെ വിവരങ്ങള്‍ വായിക്കാന്‍ സാധാരണ കീ ലോഗര്‍ സോഫ്റ്റ്വെയറിന് കഴിയുമായിരുന്നില്ല

 

ഇന്ന് കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഏറെ മെച്ചപ്പെട്ടവയാണ്. നിലവിലുള്ള മിക്ക കീലോഗര്‍ സോഫ്റ്റ്വെയറും വിന്‍ഡോസ് ക്ലിപ്പ്‌ബോര്‍ഡില്‍ നിന്നുപോലും വിവരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുള്ളവയാണ്. ഈയൊരു സാഹചര്യത്തിലാണ് വിര്‍ച്ച്വല്‍ കീബോര്‍ഡ് എന്ന ആശയം കടന്നുവരുന്നത്. ബാങ്കിംഗ് സൈറ്റുകള്‍ പോലുള്ള, വളരെ സുരക്ഷ ആവശ്യമുള്ള  സൈറ്റുകള്‍ ലോഗിന്‍ പേജില്‍ തന്നെ ഒരു വിര്‍ച്ച്വല്‍ (വിഷ്വല്‍) കീബോര്‍ഡ് നല്‍കിയിരിക്കുന്നത് ശ്രദ്ധിച്ചുകാണും. ഈ കീബോര്‍ഡില്‍ നല്‍കിയിരിക്കുന്ന അക്കങ്ങളിലും അക്ഷരങ്ങളിലും ക്ലിക്കുചെയ്ത് നമുക്ക് യൂസര്‍നെയിമും പാസ്‌വേഡും നല്‍കാവുന്നതാണ്.

 

താരതമ്യേന സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമായിട്ടാണ് വിര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ കണക്കാക്കപ്പെടുന്നത്. പക്ഷേ, നിങ്ങള്‍ ഉപയോഗിക്കുന്ന ഇമെയിലിനും മറ്റും ഈ വിര്‍ച്ച്വല്‍ (വിഷ്വല്‍) കീബോര്‍ഡ് സൌകര്യം ഉണ്ടായിരിക്കണം എന്നില്ല. ഈ സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും?

 

മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് വിര്‍ച്ച്വല്‍ കീബോര്‍ഡിനായി എങ്ങും പോകേണ്ട ആവശ്യമില്ല. വിര്‍ച്ച്വല്‍ കീബോര്‍ഡ് വിന്‍ഡോസിന്റെ ഒരു ഭാഗം തന്നെയാണ്. പലര്‍ക്കും ഇത് അറിയില്ലെന്നത് വേറെ കാര്യം. ഓണ്‍-സ്ക്രീന്‍ കീബോര്‍ഡ്എന്നാണ് ഇത് അറിയപ്പെടുന്നത്. ഓണ്‍-സ്ക്രീന്‍ കീബോര്‍ഡ് ലഭിക്കുന്നതിനായി Start ല്‍ ക്ലിക്ക് ചെയ്ത് Run ല്‍ എത്തി അവിടെ OSK എന്ന് ടൈപ്പ് ചെയ്ത് Enter നല്‍കിയാല്‍ മതിയാകും. ഇനി നിങ്ങള്‍ക്ക് തട്ടിപ്പ് പേടി ഇല്ലാതെ നിങ്ങളുടെ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പുചെയ്യാം.

 

ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍-സ്ക്രീന്‍ കീബോര്‍ഡ് പ്രയോജനപ്രദമാണ്. കമ്പ്യൂട്ടറിനോട് ബന്ധിപ്പിച്ചിട്ടുള്ള സാധാരണ കീബോര്‍ഡ് ഇവര്‍ക്ക് ഉപയോഗിക്കാന്‍ വിഷമമുണ്ടാകും. ഈ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു പോയിന്റിംഗ് ഡിവൈസോ ജോയ്സ്റ്റിക്കോ ഉപയോഗിക്കുക വഴി കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യാന്‍ ഇത്തരക്കാര്‍ക്ക് ഓണ്‍-സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗപ്പെടുത്താം. 

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.