Skip Ribbon Commands
Skip to main content
 

മലയാള ഭാഷക്കായി സര്‍‌വകലാശാല വരുന്നു

 

  മഹത്തായ മലയാളഭാഷയ്ക്കും കേരള സംസ്ക്കാരത്തിനും, തമിഴ്, തെലുങ്ക്, കന്നട സര്‍വകലാശാലയുടെ മാതൃകയില്‍, വിപുലമായ സൗകര്യങ്ങളുള്ള ഒരു സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെന്നും ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ് എന്നും മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ ഈയടുത്തിടെ നിയമസഭയെ അറിയിക്കുകയുണ്ടായി. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

 

മഹത്തായ മലയാളഭാഷയ്ക്കും കേരള സംസ്ക്കാരത്തിനും, തമിഴ്, തെലുങ്ക്, കന്നട സര്‍വകലാശാലയുടെ മാതൃകയില്‍, വിപുലമായ സൗകര്യങ്ങളുള്ള ഒരു സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെന്നും ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ് എന്നും മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ ഈയടുത്തിടെ നിയമസഭയെ അറിയിക്കുകയുണ്ടായി. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

 

'ഭരണഭാഷ മലയാളമാക്കുന്നതിന്‌ 1969-ലാണ്‌ നിയമം കൊണ്ടുവന്നത്‌. ഔദ്യോഗികഭാഷ മലയാളമാക്കുന്ന പ്രക്രിയ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ 1974ല്‍ ഞാന്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുമ്പോള്‍ മാതൃഭാഷ കൂടുതല്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഭാഷാപ്രവിശ്യയുടെ അര്‍ത്ഥമെന്തെന്ന്‌ അന്ന്‌ ഞാന്‍ ചോദിച്ചു. ഇന്ന്‌ 36 വര്‍ഷത്തിനുശേഷം അത്തരമൊരു പ്രമേയത്തിന്‌ മറുപടി പറയേണ്ടിവരുന്നത്‌ സന്തോഷമുള്ള കാര്യമല്ല. നിയമം പ്രാബല്യത്തില്‍വന്ന്‌ 40 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക്‌ ലക്‌ഷ്യത്തില്‍ എത്താനായില്ല. എന്തായാലും 'ഭാഷാമാറ്റ പുരോഗതി'യെ സഹായിക്കാനും ഭാഷയെ പോഷിപ്പിക്കാനുമായി ഒരു മലയാള സര്‍‌വകലാശാ‍ല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്' - മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

ഏകദേശം നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മലയാള സര്‍വകലാശാലക്ക് വേണ്ടിയുള്ള പ്രസ്ഥാനം ഉടലെടുത്തിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഒരു ലോക മലയാള സമ്മേളനം സംഘടിപ്പിക്കപ്പെട്ടപ്പോള്‍ നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം മലയാള സര്‍വകലാശാല സ്ഥാപിക്കണമെന്നായിരുന്നു. കേരള സംസ്ഥാനം രൂപം‌കൊണ്ടതിന്‍റെ സുവര്‍ണ്ണ ജൂബിലി 2006-ല്‍ ആഘോഷിച്ചപ്പോഴും മലയാള സര്‍വകലാശാല സ്ഥാപിക്കല്‍ സജ്ജീവ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഭരണതലത്തില്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

 

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, സര്‍വവിജ്ഞാനകോശം, മലയാളം ലെക്സിക്കന്‍, മാനുസ്ക്രിപ്റ്റ്‌ ലൈബ്രറി, സാഹിത്യ-സംഗീത അക്കാദമികള്‍, ലളിതകലാ അക്കാദമി തുടങ്ങി മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും വികസനം ലക്‌ഷ്യമിട്ട് വിവിധ സ്ഥാപനങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന് കീഴിലുണ്ട് എങ്കിലും മലയാള സര്‍‌വകലാശാല എന്ന ആശയം ഇവയേക്കാളൊക്കെ വിപുലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയില്‍ വളരെയെറെ സംരംഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാഷാ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തലപ്പത്ത് ഒരു സര്‍‌വകലാശാല ഉണ്ടാവുന്നത് അഭികാമ്യമായ കാര്യമാണ്. ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങള്‍ മാനകീകരിക്കാനും വേണ്ട നിര്‍‌ദേശങ്ങള്‍ നല്‍‌കാനും ഇത്തരമൊരു സര്‍‌വകലാശാലയ്ക്ക് സാധിക്കും.

 

കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഭാഷാ സര്‍വകലാശാലകള്‍ നിലവിലുണ്ട്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംബിയിലാണ്‌ കന്നട സര്‍വകലാശാല ഉള്ളത്. തമിഴ്‌നാടിന്‍റെ വൈജ്ഞാനിക തലസ്ഥാനമായ തഞ്ചാവൂരിലാണ്‌ തമിഴ് സര്‍‌വകലാശാല സ്ഥിതിചെയ്യുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരമായ ഹൈദ്രാബാദിലാണ്‌ തെലുങ്ക്‌ സര്‍വകലാശാലയുടെ ആസ്ഥാനം. ഇവ കൂടാതെ, ആന്ധ്രയിലെ 'കുപ്പത്ത്‌' എല്ലാ ദ്രാവിഡ ഭാഷകളുടെ പഠനത്തിനായി ഒരു ദ്രാവിഡ സര്‍വകലാശാല നേരത്തെ തന്നെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

 

അയല്‍ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌ സര്‍വകലാശാലയുമായും കന്നഡ സര്‍വകലാശാലയുമായും തെലുങ്ക്‌ സര്‍വകലാശാലയുമായും സഹകരിച്ചുകൊണ്ട്‌ വളരെ വിപുലമായ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്താന്‍ മലയാള സര്‍വകലാശാലയ്ക്ക്‌ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മലയാള സര്‍‌വകലാശാലയും മറ്റ് ഭാഷാ സര്‍‌വകലാശാലകളും സി‌ഐ‌ഐ‌എല്‍ പോലുള്ള മറ്റ് ഭാഷാ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് അത്ഭുതാവഹമായ പുരോഗതി ഉണ്ടാകും.

 

മലയാള സര്‍വകലാശാല സര്‍ക്കാരിന്‍റെ പരിഗണനയാലുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മലയാള ഭാഷാസ്നേഹികള്‍ ഹര്‍ഷാതിരേകത്തോടെ സ്വാഗതം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകട്ടെയെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കട്ടെയെന്നും ഭാഷാ‌ഇന്ത്യ ആശംസിക്കുന്നു

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.