Skip Ribbon Commands
Skip to main content

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ന്റെ സൌന്ദര്യം!

 

സാന്‍‌ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ന്റെ ബീറ്റാ പ്രകാശനം സാന്‍‌ഫ്രാന്‍സിസ്കോയില്‍ സംഘടിപ്പിച്ച ‘ബ്യൂട്ടി ഓഫ് ദ വെബ്’ ചടങ്ങില്‍ വച്ച് നടന്നു. വിന്‍‌ഡോസ് ഇന്റര്‍‌നെറ്റ് എക്സ്പ്ലോററിന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി 70 മികച്ച വെബ്സൈറ്റുകളും ആഗോള കമ്പനി ബ്രാന്‍ഡുകളും ‘ബ്യൂട്ടി ഓഫ് ദ വെബ്’ ചടങ്ങില്‍ മൈക്രോസോഫ്റ്റിനോടൊപ്പം കൈകോര്‍ത്തു.


ബ്രൌസര്‍ രാജാവ് എന്ന പ്രതാപം നിലനിര്‍ത്തുകയെന്ന ലക്‌ഷ്യത്തോടെ, ഒട്ടേറെ പരിഷ്‌ക്കരണങ്ങളും മാറ്റങ്ങളുമായാണ് മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 രംഗത്തെത്തിയിരിക്കുന്നത്. പെപ്തം‌ബര്‍ 15 മുതല്‍ എക്‌സ്‌പ്ലോറര്‍ 9 ന്റെ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡുചെയ്യാനായി ബ്യൂട്ടി ഓഫ് ദ വെബ് (BeautyoftheWeb.com) എന്ന സൈറ്റില്‍ ലഭ്യമാണ്. ജനപ്രിയ ബ്രൗസറുകളായ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് തുടങ്ങിയവയെ വെല്ലുന്ന സവിശേഷതകളുമായാണ് ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9 എത്തുന്നത്.


വിന്‍ഡോസ് 7-ന്റെ മുഴുവന്‍ ശേഷികളും പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9 രൂപകല്‍‌പന ചെയ്തിരിക്കുന്നത്. ‘ബ്യൂട്ടി ഓഫ് ദ വെബ്’ ചടങ്ങില്‍ അവതരിപ്പിച്ച സൈറ്റുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. വെബിന്റെയും ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ന്റെയും സൌന്ദര്യം തെളിയിക്കുന്ന ഈ സൈറ്റുകള്‍ 800 മില്യണ്‍ സന്ദര്‍ശകര്‍ കാണുമെന്നാണ് കരുതപ്പെടുന്നത്. അതായത് വെബില്‍ സജീവമായ ആളുകളില്‍ മൂന്നിലൊരു ഭാഗം ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ന്റെ ശേഷികളെ പറ്റി മനസിലാക്കും എന്നര്‍ത്ഥം. 


“കൂടുതല്‍ മികച്ച വെബ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍‌കാനായി, വിന്‍‌ഡോസിന്റെയും മുഴുവന്‍ കമ്പ്യൂട്ടറിന്റെയും പരമാവധി ശേഷി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ ഞങ്ങളുടെ പങ്കാളികളുമായി കൈകോര്‍ത്ത് വെബിന്റെയും ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ന്റെയും ശേഷി ലോകത്തെ പരിചയപ്പെടുത്താനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്” - മൈക്രോസോഫ്റ്റിലെ വിന്‍‌ഡോസ് ആന്‍ഡ് വിന്‍‌ഡോസ് ലൈവ് ഡിവിഷന്റെ പ്രസിഡന്റായ സ്റ്റീവന്‍ സിനോഫ്സ്കി ചടങ്ങില്‍ പറയുകയുണ്ടായി.


വളരെ എളുപ്പത്തില്‍ ബ്രൗസ് ചെയ്യാന്‍ ഈ ബ്രൗസര്‍ സഹായിയ്ക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം. ഗൂഗിളിന്റെ ക്രോമിനേക്കാളും അഞ്ച് മടങ്ങ് വേഗത്തിലും കൂടുതല്‍ സൗകര്യങ്ങളോടെയുമാണ് ഇന്റര്‍‌നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ന്റെ വരവെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് ഇത് പ്രദര്‍ശിപ്പിച്ച് കാണിയ്ക്കുകയും ചെയ്തു. ഗ്രാഫിക്ക് ടെസ്റ്റില്‍ ക്രോമിനേക്കാള്‍ അ‍ഞ്ച് മിനിട്ടോളം വേഗതയിലാണ് ഇത് പ്രവര്‍ത്തിച്ചത്.


ക്രോമിനെപ്പോലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ഉം വെബ് അ‍ഡ്രസ് ബോക്സ് തന്നെയാണ് സെര്‍ച്ച് ബോക്സ് ആയി ഉപയോഗിയ്ക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ല്‍ വൈറസുകളെയും മറ്റും പിടിക്കുന്നതായിനായി ഹൈ സെക്യൂരിറ്റിയോടുകൂടിയ ഡൗണ്‍ലോഡ്‌ മാനേജര്‍ ഉണ്ട്. അതിനുപുറമെ ബ്രൗസിംഗ്‌വേളയില്‍ അറിയാതെ നഷ്‌ടപ്പെട്ടുപോകുന്ന ഡാറ്റകളെ തിരിച്ചെടുക്കുന്നതിനുള്ള `ഹാം‌ഗ്‌സ് റിക്കവറി'യും അടങ്ങിയിട്ടുണ്ട്‌. ഇതിനാല്‍  കൂടുതല്‍ സുരക്ഷിതമാണ് ഈ ബ്രൗസറെന്നും കമ്പനി അവകാശപ്പെടുന്നു.


വിന്‍ഡോസ് ഡയറക്‌ട് എക്‌സ് ഉപയോഗിച്ചുള്ള 'ഗ്രാഫിക്‌സ് ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേഷന്‍' ആണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 നുള്ള പ്രധാന സവിശേഷത. വിന്‍ഡോസിന്റെ ഗ്രാഫിക്‌സ് ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ബ്രൗസിംഗില്‍ കൂടുതല്‍ വേഗം നല്‍കും. ക്രോമും ഫയര്‍ഫോക്‌സും അവയുടെ പുതിയ പതിപ്പുകളില്‍ 'ഗ്രാഫിക്‌സ് ആക്‌സിലേറഷന്‍' ഉപയോഗിക്കുന്നുണ്ടെങ്കിലും അതേക്കാള്‍ വളരയേറെ വേഗം എക്‌സ്‌പ്ലോറര്‍ 9 നുണ്ടാകുമെന്ന് മൈക്രോസോഫ്ട് വെബ് ഗ്രാഫിക്‌സ് പ്രോഗ്രാം മനേജര്‍ ലീഡായ ടെഡ് ജോണ്‍സണ്‍ പറയുന്നു.


നിലവിലുള്ള സവിശേഷകള്‍ നവീകരിക്കുന്നതോടൊപ്പം കൂടുതല്‍ വെബ്‌സൈറ്റുകളെ ടാസ്‌ക്‌ ബാറില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ ബ്രൗസിംഗ്‌ എളുപ്പമാക്കാന്‍ കഴിവുള്ള പ്രത്യേകതയും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9-ന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ ഓഡിയോ/വീഡിയോ ടാഗുകളും എച്ച്‌.ടി.എം.എല്‍ സപ്പോര്‍ട്ടുകളും എല്ലാം ചേര്‍ത്തുവയ്‌ക്കാനാവും. ആധുനിക പ്രോഗ്രാം സങ്കേതങ്ങളായ ജാവാ സ്‌ക്രിപ്റ്റ്, HTML 5, CSS3 തുടങ്ങിയവയും എക്‌സ്‌പ്ലോറര്‍ 9 ന്റെ പ്രവര്‍ത്തനത്തെ മികവുറ്റതാക്കും. ഹൈഡഫനിഷന്‍ വീഡിയോ, വെബ് ടിവി തുടങ്ങിയവയുടെ പ്രവര്‍ത്തനവും എക്‌സ്‌പ്ലോറര്‍ 9 ല്‍ തടസ്സമില്ലാതെ നടക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.


വെബിന്റെ സൌന്ദര്യം ലോകത്തിന് കാഴ്ചവയ്ക്കാന്‍ ‘ബ്യൂട്ടി ഓഫ് ദ വെബ്’ ചടങ്ങില്‍ മൈക്രോസോഫ്റ്റിനോടൊപ്പം കൈകോര്‍ത്ത ബ്രാന്‍ഡുകളില്‍ ചിലവ - ഫേസ്ബുക്ക്, മൈസ്പേസ്, ട്വിറ്റര്‍, ആമസോണ്‍, ചെനീസ് പോര്‍ട്ടലായ സോഹു, സി‌എന്‍‌എന്‍, ഫോട്ടോബക്കറ്റ്, ഡെയ്‌ലിമോഷന്‍.


 

Read More on....

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.