Skip Ribbon Commands
Skip to main content

 

 

സൈബര്‍ കുറ്റകൃത്യങ്ങളെ പറ്റി - പുസ്തകനിരൂപണം 

 

ഇന്റര്‍നെറ്റും വിവരസാങ്കേതികതയും നിത്യജീവിതത്തിലെ ഒഴിച്ചുകൂട്ടാനാകാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുകയാണ്. പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് കെ. അന്‍വര്‍ സാദത്തിന്റെ സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും.

 

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ അടക്കമുള്ള താരങ്ങളുടെ ഏറ്റവും പുതിയ സിനിമകള്‍ റിലീസാവുന്ന തീയതിയില്‍ തന്നെ നെറ്റില്‍ ലഭിക്കുന്ന സാഹചര്യം തൊട്ട് നമ്മുടെ ബാങ്കിംഗ് രഹസ്യവാക്കുകള്‍ പിടിച്ചെടുത്ത് പണം തട്ടുന്ന സ്ഥിതി വരെ ഇന്ന് ഇന്റര്‍നെറ്റില്‍ ഉണ്ട്. ഇത് കൂടാതെ നടിമാരുടെയും മറ്റും ഫോട്ടോകളും വീഡിയോകളും മോര്‍ഫുചെയ്ത് അശ്ലീലത കലര്‍ന്ന് പ്രസിദ്ധീകരിക്കുന്നതും ഇന്ന് സര്‍വസാധാരണമാണ്.

 

സൈബര്‍ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ എന്തൊക്കെയെന്ന് വായനക്കാരെ പരിചയപ്പെടുത്തുകയും ഈ കുറ്റകൃത്യങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ എന്തൊക്കെ നിയമങ്ങള്‍ രാജ്യത്തുണ്ടെന്ന് പരിചയപ്പെടുത്തുകയുമാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. ദുരുദ്ദേശ്യത്തോടെ തയ്യാറാക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളായ കമ്പ്യൂട്ടര്‍ വൈറസുകള്‍, സ്പാം, ട്രോജന്‍, വേം തൊട്ട്കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെ പറ്റിയും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

 

നിരുപദ്രവകാരികളെന്നോ ഉപകാരികളെന്നോ തോന്നിക്കുകയും എന്നാല്‍ പിന്നിലൂടെ കമ്പ്യൂട്ടറിനെ ആക്രമിക്കുകയും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് ട്രോജനുകള്‍. ഇവ പലപ്പോഴും ഇമെയില്‍ അറ്റാച്ചുമെന്റുകളുടെ രൂപത്തിലാണ് കമ്പ്യൂട്ടറിലെത്തുന്നത്.

 

സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലുമെല്ലാം ഗുണപരമായ രീതിയില്‍ മാറ്റം വരുത്തുന്ന പ്രോഗ്രാമിംഗ് വിദഗ്ധരാണ് ഹാക്കര്‍മാര്‍. സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികാസത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം കമ്പ്യൂട്ടര്‍ ശൃംഖലകളെയും വെബ്സൈറ്റുകളെയും ആക്രമിക്കുന്ന ഹാക്കര്‍മാരും ഇന്ന് ചര്‍ച്ചാവിഷയമാണ്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെയും നെറ്റ്‌വര്‍ക്കുകളെയും വെബ് സൈറ്റുകളെയും സമീപിക്കുന്ന തലതിരിഞ്ഞ വിദഗ്ധരെ ക്രാക്കര്‍മാര്‍ എന്നാണ് വിളിക്കുന്നത്.

 

രഹസ്യവാക്കുകള്‍‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിച്ച് ചോര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനമാണ് ഫിഷിംഗ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ വളരെ കൂടുതല്‍ ആളുകള്‍ ഇരയാകുന്നത് ഫിഷിംഗിനാണ്. ഇതിനെ പറ്റിയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

 

കമ്പ്യൂട്ടറുകളിലെ വൈറസ് ബാധയെ പ്രതിരോധിക്കാനും നശിപ്പിക്കാനും ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം വിശ്വസനീയമായ ഏതെങ്കിലും ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക എന്നതാണ്. കമ്പ്യൂട്ടര്‍ ശൃംഖലകളുമായി, പ്രത്യേകിച്ച് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന മറ്റൊരു സംവിധാനമാണ് എയര്‍മാള്‍.

 

കുട്ടികള്‍ നെറ്റ് ദുരുപയോഗിക്കുന്നത് തടയാനായി വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം രൂപകല്പന ചെയ്തിട്ടുള്ള ഫില്‍റ്ററിംഗ് സോഫ്റ്റ്വെയര്‍ തുടങ്ങി 2008 ലെ പുതിയ ഐ ടി നിയമംവരെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ആഴങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് മനസിലാക്കാനും അവയില്‍ നിന്ന് രക്ഷപ്പെടാനും വായനക്കാരെ ഈ പുസ്തകം സഹായിക്കും.

 

സംസ്ഥാനത്ത് വിവരസാങ്കേതിക രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിക്കുകയും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഒരുപിടി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ള കെ. അന്‍വര്‍ സാദത്ത് ഇപ്പോള്‍ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. സംസ്ഥാനത്തെ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഐടി  പരിശീലനം, ഐടി അധിഷ്ഠിതപഠനം, സര്‍ക്കാരിന്റെ ഇ ഗവേണ്‍നസ് പ്രവര്‍ത്തനങ്ങള്‍, ഐടി അറ്റ് സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന അന്‍വര്‍ സാദത്തിന്റെ സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവുംഎന്ന പുസ്തകം നമ്മുടെ കാലഘട്ടത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഡോ. ബി. ഇഖ്ബാലാണ് ജനറല്‍ എഡിറ്റര്‍. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തത്തിന്റെ വില 75 രൂപ. 

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.