Skip Ribbon Commands
Skip to main content
    

 

 

തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഒരു ഓണ്‍ലൈന്‍ ഡയറക്ടറി!

 

 

     തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തിലെ ഒരു പ്രധാന കാര്‍ഷിക മേഖലയാണ് നാളികേര വ്യവസായം. നാളികേരം വിളയുന്ന തെങ്ങ് കല്പവൃക്ഷമെന്നാണ് അറിയപ്പെടുക. കാരണം തെങ്ങിന്റെ ഏത് ഭാഗമായാലും എന്തെങ്കിലുമൊരു കാര്യത്തിന് ഉപയോഗിക്കാം എന്നതുതന്നെ ഈ പേരിന്റെ പിന്നില്‍. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും തെങ്ങുകയറ്റ തൊഴിലാളികളുടെ അഭാവം ഈ കാര്‍ഷിക മേഖലയ്ക്ക് വലിയൊരു ഭീഷണിയാണ്. ഈ ഭീഷണി നേരിടാന്‍ നാളികേര വികസന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള തെങ്ങുകയറ്റക്കാരുടെ കൂട്ടായ്മയാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം.

 

     നാളികേര വികസന ബോര്‍ഡ് കേരളത്തിലെയും ലക്ഷദ്വീപിലെയും തെങ്ങുകയറ്റ തൊഴിലാളികളുടെ ഒരു ഓണ്‍ലൈന്‍ ഡയറക്ടറി ഉണ്ടാക്കിയിരിക്കുകയാണ്. ജില്ല തിരിച്ച്, സംസ്ഥാനത്തെ തെങ്ങുകയറ്റ തൊഴിലാളികളുടെ വിലാസവും ഫോണ്‍ നമ്പറും ഇവിടെ നല്‍കിയിരിക്കുന്നു. തൊടിയിലെ തെങ്ങുകയറാന്‍ ആളില്ലെങ്കില്‍ ഈ ഓണ്‍ലൈന്‍ ഡയറക്ടറിയില്‍ പോയി, നിങ്ങളുടെ പ്രദേശത്തുള്ള തെങ്ങുകയറ്റ തൊഴിലാളിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിക്കുകയേ വേണ്ടൂ. http://coconutboard.nic.in/friends-district.htm എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് ഈ ഓണ്‍ലൈന്‍ ഡയറക്ടറി കാണാം.

 

     നാളികേര വികസന ബോര്‍ഡിന്റെ പ്രശംസനീയമായ ഈ പ്രോഗ്രാമിനെ പറ്റി വിക്കിപ്പീഡിയ ഇങ്ങനെ പറയുന്നു - പരമ്പരാഗത തെങ്ങുകയറ്റതൊഴിലാളികള്‍ വന്‍തോതില്‍ രംഗം വിട്ടതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്ക്കാണ്, നാളികേര വികസനബോര്‍ഡ് ചങ്ങാതിക്കൂട്ടത്തിന് രൂപംനല്‍കിയിരിക്കുന്നത്. തെങ്ങുകയറാന്‍ സന്നദ്ധരായ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴിലിന് സജ്ജമാക്കുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുന്നത്. നാളികേര വികസന ബോര്‍ഡ് പരിശീലനം നല്‍കുന്ന തെങ്ങുകയറ്റ തൊഴിലാളികളുടെ പേരും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ ഡയറക്ടറിയില്‍ ഉണ്ട്.

 

     തെങ്ങുകയറ്റ പരിശീലനത്തിന് കൃത്യമായ പാഠക്രമം തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണവും താമസവും സൗജന്യം. ഏഴുദിവസമാണ് പരിശീലനം. 900രൂപ പരിശീലനവേളയില്‍ സ്റ്റൈപ്പന്‍ഡ്. ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പരിശീലനാര്‍ഥികള്‍ക്ക് ഉണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ തെങ്ങുകയറ്റത്തില്‍ വൈദഗ്ദ്ധ്യം രേഖപ്പെടുത്തിയ പ്രമാണപത്രവും സൗജന്യമായി തെങ്ങുകയറ്റയന്ത്രവും ലഭിക്കും.

 

     തെങ്ങുകയറ്റയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി, തെങ്ങ് ഉപയോഗിച്ച് പരിശീലനം, തെങ്ങിനെ അടുത്തറിയല്‍, തെങ്ങുകൃഷി- മണ്ണ്, കാലാവസ്ഥ, പരിചരണം, ജൈവാവശിഷ്ടങ്ങളുടെ പുനഃചംക്രമണം, ഇടവിളകള്‍, ജലസേചനം, വിളവെടുപ്പ്, തെങ്ങിലെ കീടങ്ങളുടെ നിയന്ത്രണം, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മണ്ഡരിലക്ഷണങ്ങള്‍, വളപ്രയോഗരീതി, വിത്തുതേങ്ങ ശേഖരിക്കല്‍, വിവിധ പ്രായത്തിലുള്ള നാളികേരത്തെ തിരിച്ചറിയാനുള്ള രീതികളും പരിശീലനത്തിന്റെ ഭാഗമാണ്. സമാപനത്തില്‍ തെങ്ങുകയറ്റ മത്സരവും പരിശീലന പരിപാടിയുടെ ഭാഗമായുണ്ട്.

Read More on....

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint 2013.
©2014 Microsoft Corporation. All rights reserved.